FROM ALAAPAD VILLAGE

2020, ഫെബ്രുവരി 20, വ്യാഴാഴ്‌ച

ആലപ്പാട്ട് അരയന്മാര്‍ ചെങ്ങന്നൂര്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പരിശം വെയ്പ്പ് നാളെ


ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ആലപ്പാട്ട് അരയന്മാര്‍ നടത്തുന്ന പരിശം വെയ്പ്പ് നാളെ നടക്കും.

അരയപ്രമാണിമാര്‍ ഭഗവാന്‍ ശ്രീപരമേശ്വരന് പണം സമര്‍പ്പിക്കുന്ന ആചാരപരമായ ചടങ്ങാണ് പരിശം വെയ്പ്പ്.1815-ാമത് പരിശം വെയ്പ്പാണ് ഇത്തവണ നടക്കുന്നത്.

മകരമത്സ്യമായി കടലില്‍ കിടന്ന ശ്രീമുരുകനെ അടമ്പുവള്ളിയാല്‍ വൃദ്ധവേഷത്തിലെത്തിയ ശ്രീപരമേശ്വരന്‍ കരകയറ്റി. ആലപ്പാട്ട് ദേശം വാണിരുന്ന മൂത്തരശ്ശ രാജാക്കന്മാരില്‍ ത്രയംബകന്‍ അദ്ദേഹത്തിന്റെ മകളായി ജന്മമെടുത്ത പാര്‍വ്വതീദേവിയെ വൃദ്ധന് കന്യാദാനം നടത്തി. ഒപ്പം ചെല്ലുന്ന ഊരില്‍ (ചെങ്ങന്നൂര്‍) എത്തി പരിശം നല്‍കുകയും ചെയ്തു എന്നാണ് ഐതീഹ്യം.

ഇത് മുന്‍നിര്‍ത്തിയാണ് ആലപ്പാട്ട് ദേശക്കാരായ അരയ ജനങ്ങള്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിക്കാന്‍ എത്തുന്നതും പരിശപ്പണം നല്‍കുന്നതും. പരിശം വെയ്പ്പിന് ആലപ്പാട്ടു നിന്നുള്ള അരയജനങ്ങള്‍ ഘോഷയാത്രയായാണ് എത്തുക.

നാളെ രാവിലെ 6.30 ന് അഴീക്കല്‍ കണ്ണാടിശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര പുറപ്പെടും 25ഓളം ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം ആറിന് ഘോഷയാത്ര ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തും.

ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം അധികൃതരും ചേര്‍ന്ന് ഘോഷയാത്രയെ ഇവിടെ സ്വീകരിക്കും. കുഴിത്തുറ ഗ്രാമസേവാസംഘവും പറയകടവ് ശ്രീ സുഗുണാനന്ദവിലാസം കരയോഗവും ചേര്‍ന്നാണ് ഇത്തവണത്തെ പരിശം വെയ്പ്പ് ചടങ്ങുകള്‍ നടത്തുന്നത്.

വൈകുന്നേരം ഏഴിന് ശ്രീ സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. രാത്രി ഒൻപത് മുപ്പത് മുതൽ സംഗീതവിദ്വൽ സദസ്സ്.

പുലർച്ചെ ഒന്നിന് ദേവിദേവന്മാരെ എഴുന്നെള്ളിക്കും. ക്ഷേത്രത്തിന് ഏഴ് പ്രദക്ഷിണം നടത്തിയശേഷം ദേവീദേവന്മാര്‍ കിഴക്കേ നടയിലെ മണ്ഡപത്തിലെത്തി തെക്കോട്ടു തിരിഞ്ഞ് ആലപ്പാട്ട് അരയന്മാര്‍ക്ക് ദര്‍ശനം നല്‍കും. തുടര്‍ന്ന് രണ്ട് മണിക്കാണ് പരിശം വെയ്പ്പ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Trending

പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ദേവീക്ഷേത്ര സമർപ്പണം നടത്തി

പുനപ്രതിഷ്ഠാ കർമ്മം നടന്ന പണ്ടാരത്തുരുത്ത് ശ്രീ മുക്കുംപുഴ ദേവീക്ഷേത്രത്തിന്റെ സമർപ്പണം ഭദ്രദീപം തെളിയിച്ചുകൊണ്ട് നിരഞ്ജർ പീഠാധീശ്വർ സ്വാമി ...