ആലപ്പാടിന്റെ പൂർവ്വപിതാക്കൾ നൂറ്റാണ്ടുകൾ ജീവിച്ച മണ്ണടിഞ്ഞിടം കടലെടുത്തു പോയത് കര കടലിലേക്ക് വലിഞ്ഞു കയറിയിട്ടായിരുന്നില്ല. തീരദേശം സംരക്ഷിക്കുന്നതിൽ കുറ്റകരമായ അനാസ്ഥ കാണിച്ച ഭരണകൂടം കടലിനെ കരയിലേക്ക് ആനയിച്ചതുകൊണ്ടായിരുന്നു.
ഒരിക്കൽ മൂന്നു കിലേമിറ്ററിനപ്പുറം കടൽത്തിരമുണ്ടായിരുന്ന ആലപ്പാട്ടെ CRZ പരിധിയിൽപെടുത്തപ്പെട്ട ഇന്നത്തെ വീടുകൾക്ക് പടിഞ്ഞാറ് കര മൂന്നു കിലോമീറ്റർ അകലേക്ക് വ്യാപിച്ചിരുന്നു. ഭരണകൂടത്തിന്റെ അപാകത കൊണ്ട് കടൽ വീട്ടുമുറ്റത്തെത്തിയവരോട് നിങ്ങൾ തിരദേശ പരിപാലന നിയമം ലംഘിച്ചു എന്നു പറയുന്ന വിവരക്കേട് ഭരണകൂടത്തിന്റെ മുഖമുദ്രയാകരുത്.
അതീവ പ്രാധാന്യമുള്ള ഗൗരവമായി ചർച്ച ചെയ്യേണ്ട ഒരു വിഷയം ആലപ്പാട് ജനതയുടെ മുന്നിൽ സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നു. പുനർഗേഹം എന്ന പദ്ധതി പ്രകാരം കടൽഭിത്തിയിൽ നിന്ന് 50 മീറ്റർ പരിധിയിൽ ഉള്ള കുടുംബങ്ങൾക്ക് 10 ലക്ഷം നൽകാം തീരത്ത് നിന്ന് വീടും പൊളിച്ച് കളഞ്ഞ് ഒഴിഞ്ഞു പോകാം എന്നാണ് വാഗ്ദാനം.
സുനാമിയ്ക്ക് ശേഷം ആലപ്പാടു നിന്ന് വീടും വസ്തുവകകളുപേക്ഷിച്ച് മറ്റൊരിടത്തേക്ക് പറിച്ച് നട്ട ഒരു ജനത അനുഭവിച്ച യാതനകൾ അറിയുവന്നവർ ആരും തന്നെ ഈ ഒരു പരിപാടിക്ക് നിൽക്കില്ല. ജനിച്ച മണ്ണിൽ ജീവിക്കുവാനും വളരുവാനും തൊഴിലും തൊഴിലിടങ്ങളും നിലനിർത്തുവാനും ഒരു മനുഷ്യായുസിന്റ കടമകൾ പൂർത്തിയാക്കി ഈ മണ്ണിൽ തന്നെ അടങ്ങുവാനും മറ്റേതു സ്ഥലത്തെ ആളുകളെ പോലെ ഇവിടുള്ളവർക്കും അവകാശമുണ്ട്.
മത്സ്യത്തൊഴിലാളികൾ നാടിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നെടും തൂണുകളാണ്. മത്സ്യമേഖല നിശ്ചലമായാൽ ബാധിക്കുന്നത് കോടിക്കണക്കിന് ആളുകളെയാണ്. മതിയായ സംരക്ഷണം പോലുമില്ലാതെ കാറ്റിനോടും കടലിനോടും പൊരിവെയിലിനോടും പടവെട്ടി മരണം മുന്നിൽ കണ്ട് ചവുട്ടി നിൽക്കാനൊരു തരിമണ്ണു പോലുമില്ലാതെ അതിസാഹസിക ജീവിതം നയിക്കുന്നവരാണ്.
ആവശ്യം വന്നപ്പോൾ കേരളത്തിന്റെ സൈന്യമെന്ന് വാഴ്ത്തിപ്പാടിയിട്ട് ഇവരെ കാണുന്നത് രണ്ടാംതരം പൗരനായിട്ടും. 10 ലക്ഷം രൂപയ്ക്ക് വീടും വസ്തുവും ഈ കാലത്ത് എവിടെയാണ് കിട്ടുക ? 450 sq വീട്ടിൽ താമസിച്ചാൽ മതി എന്ന് തീരുമാനിച്ചതാരാണ്?
കടൽ ഏറ്റവുമധികം കയറി കഴിഞ്ഞ കടലാക്രമത്തിൽ 3 വീട് പോയ ചെറിയഴീക്കൽ ഭാഗത്ത് കടൽ ഭിത്തി പുനർ നിർമ്മിച്ചില്ല. തൊട്ടടുത്ത ചെയിനേജ് വരെ പണി നടന്നെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളും സ്കൂളുകളും ഉള്ള ഈ പ്രദേശത്തെ മെയിന്റനൻസ് ഉള്ള ടെൻഡർ നടപടിയായിട്ടും ഏറ്റെടുക്കാൻ ആളില്ല എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.
തീരസംരക്ഷണത്തിനായി സീവാളുകളും പുലിമുട്ടുകളും ഇട്ട് സംരക്ഷിക്കാതെ നാട്ടുകാരെ ഒഴിപ്പിക്കുന്നതിലാണ് വ്യഗ്രത. മറ്റൊരു തൊഴിലിടം പോലെ അല്ലേ അല്ല മത്സ്യത്തൊഴിലാളികളുടെ ജീവിതവും ദിനചര്യയും. വെളുപ്പിന് 2 മണിക്ക് തുടങ്ങുന്ന സമയക്രമത്തിൽ പഞ്ചായത്തിന്ന് പുറത്ത് താമസിക്കുവാൻ പോയവർക്ക് അസമയത്തെ യാത്ര വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.
വളരെ ഗൗരവമുള്ള ഒരു വിഷയം ആണിത്. ജാതി മത വർഗ വിവേചനം ഒന്നുമില്ലാതെ നമുക്ക് ഒരുമിച്ച് പ്രതിഷേധിക്കണം. ജനുവരി 25ന് 11 മണിക്ക് ആലപ്പാട് റോട്ടറി ക്ലബ്ബിൽ കഴിയുന്നവർ എല്ലാം എത്തിച്ചേരണം. എന്നിട്ട് പ്രതിഷേധം അറിയിക്കുക.
എഴുത്ത് കടപ്പാട്: സിബി ബോണി (ചെറിയഴീക്കൽ വാർഡ് മെമ്പർ)
ഭരത് അരയൻ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ