FROM ALAAPAD VILLAGE

2019, ജൂലൈ 28, ഞായറാഴ്‌ച

ലൈസൻസ് ഫീസിലുണ്ടായ വർദ്ധന പുന:പരിശോധിക്കും:ഫിഷറീസ് മന്ത്രി

മൽസ്യബന്ധന യാനങ്ങളുടെ ലൈസൻസ് പെർമിറ്റ് ഫീസുകളിലുണ്ടായ വർദ്ധനവ് സർക്കാർ പുനഃപരിശോധിക്കുമെന്ന് ഫിഷറീസ് മന്ത്രി മെഴ്സികുട്ടിയമ്മ. മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്ക് വച്ച വിവരം.....

ലൈസൻസ് ഫീസിലുണ്ടായ വർദ്ധന പുന:പരിശോധിക്കും....

മൽസ്യബന്ധന യാനങ്ങളുടെ ലൈസൻസ് പെർമിറ്റ് ഫീസുകളിലുണ്ടായ വർദ്ധനവ് സർക്കാർ പുനഃപരിശോധിക്കും.

2001ലാണ് ഇതിന് മുൻപ് രജിസ്ട്രേഷൻ ലൈസൻസ് ഫീസ് പുതുക്കിയത്.പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഫീസ് വർദ്ധിപ്പിച്ചത്. എങ്കിലും ഫീസ് വർദ്ധനവിനെ സംബദ്ധിച്ച് മൽസ്യത്തൊഴിലാളി സംഘടനകൾ ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് ഫീസ് വർദ്ധനവ് പുന:പരിശോധിക്കാൻ സർക്കാർ നിശ്ചയിച്ചത്.

15 മീറ്ററിൽ കൂടുതൽ നീളമുള്ള മൽസ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷന്റെയും ലൈസൻസിന്റെയും ഫീസ് ഇനത്തിലാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത്.
ഒരു മൽസ്യബന്ധന യാനം ഒരിക്കൽ മാത്രമേ രജിസ്ട്രേഷൻ ഫീസ് ഒടുക്കേണ്ടതുള്ളു. അതു കൊണ്ട് തന്നെ നിലവിൽ രജിസ്ട്രേഷനുള്ള ഒരു മൽസ്യബന്ധന യാനത്തെയും രജിസ്ട്രേഷൻ ഫീസിൽ വരുത്തിയ മാറ്റം ബാധിക്കുന്നതല്ല.

250 എച്ച്.പി യിൽ കൂടുതൽ ശേഷിയുള്ള എഞ്ചിൻ ഘടിപ്പിച്ച മൽസ്യ ബന്ധന യാനങ്ങൾക്ക് ലൈസൻസിന് പകരം ഏർപ്പെടുത്തിയ പെർമിറ്റ് ഫീസിലും ന്യായമായ ഇളവ് അനുവദിക്കുന്നതാണ്. പെർമിറ്റ് ഫീസ് ഈടാക്കുന്ന മൽസ്യബന്ധന യാനങ്ങൾക്ക് ലൈസൻസ് ഫീസ് അടയ്ക്കേണ്ടതില്ലാത്തതുമാണ്. പുതുക്കിയ ഫീസ് ഇതിനകം ഒടുക്കിയ യാന ഉടമകൾക്കും ഫീസ് ഇളവിന്റെ ആനുകൂല്യം ലഭ്യമാക്കും.

മൽസ്യത്തൊഴിലാളി സമൂഹത്തിന്റെ പൊതു നന്മ ലക്ഷ്യമിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. അതിനെയാണ് തെറ്റായ പ്രചരണത്തിന് ഉപയോഗിച്ച് മൽസ്യത്തൊഴിലാളി സമൂഹത്തിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നത്.

ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മൽസ്യത്തൊഴിലാളി പെൻഷൻ 600 രൂപയിൽ നിന്ന് 1200 ആയി വർദ്ധിപ്പിച്ചതും,
ഭവന നിർമ്മാണ തുക 2 ലക്ഷത്തിൽ നിന്നും 4 ലക്ഷമാക്കി വർദ്ധിപ്പിച്ചതും, ഭൂരഹിത മൽസ്യത്തൊഴിലാളികൾക്ക് ഭൂമി വാങ്ങി വീട് വയ്ക്കാൻ 10 ലക്ഷം രൂപ അനുവദിച്ചതും, സമ്പാദ്യ സമാശ്വാസ തുക 2700 ൽ നിന്നും 4500 ആയി വർദ്ധിപ്പിച്ചതും, കേന്ദ്ര സർക്കാരിന്റെ വിഹിതം ലഭിക്കാഞ്ഞിട്ടും സമാശ്വാസ പദ്ധതി തുടർന്നതും ഇത്തരം പ്രചാരകരുടെ ശ്രദ്ധയിൽ പെടാതെ പോകുന്നത് യാദൃശ്ചികമല്ല.

കടലോരത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മൽസ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി 1900 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു.

1798 കുടുംബങ്ങൾക്ക് ഇതിനകം 10 ലക്ഷം രൂപ നൽകി ഭൂമിയും ഭവനവും ലഭ്യമാക്കി.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 119 കോടി രൂപയുടെ മണ്ണെണ്ണ സബ്സിഡിയാണ് മൽസ്യത്തൊഴിലാളികൾക്ക് നൽകിയത്.
കഴിഞ്ഞ സർക്കാർ 16 കോടി മാത്രമേ സബ്സിഡി നൽകിയുള്ളു എന്ന് കുറ്റം മാത്രം പ്രചരിപ്പിക്കുന്നവർ മനസ്സിലാക്കുന്നത് നന്നായിരിക്കും.

കഴിഞ്ഞ മൂന്ന് വർഷമായി മൽസ്യമേഖലയിൽ 3600 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇടതു പക്ഷ സർക്കാർ നടപ്പിലാക്കി വരുന്നത്.

5600 ഭവനങ്ങളാണ് മൽസ്യത്തൊഴിലാളികൾക്ക് പുതിയതായി നൽകിയത്.
1220 ഭവനങ്ങൾ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി. കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മുട്ടത്തറയിൽ നിർമ്മിച്ച് നൽകിയ 192 ഫ്ളാറ്റുകളുടെ മാതൃകയിൽ 772 വ്യക്തിഗത ഫ്ളാറ്റുകൾ കൂടി വിവിധ ജില്ലകളിലായി നിർമ്മാണം നടക്കുന്നു.

72 കോടി രൂപയാണ് മൂന്ന് വർഷത്തിനുള്ളിൽ മൽസ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യഭ്യാസ ആനുകൂല്യം നൽകാൻ ചിലവഴിച്ചത്.

ഓഖി പുനരധിവാസത്തിന് 122 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്.

ഓഖി ബാധിതരുടെ മക്കളുടെ 2037 വരെയുള്ള വിദ്യഭ്യാസം സർക്കാർ ഏറ്റെടുത്തു.

മൽസ്യത്തൊഴിലാളിയുടെ സുരക്ഷയ്ക്കായി പൂർണ്ണമായും സൗജന്യമായാണ് ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യുന്നത്.

സാറ്റലൈറ്റ് ഫോൺ, നാവിക് ഉപകരണങ്ങൾ സൗജന്യ നിരക്കിൽ മൽസ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കുന്ന പദ്ധതി രാജ്യത്തിന് തന്നെ മാതൃകയായി സർക്കാർ നടപ്പിലാക്കി വരുന്നു.

സംസ്ഥാനത്ത് ഇടതു മുന്നണി സർക്കാർ അധികാരത്തിൽ വരുമ്പോൾ സമുദ്രമൽസ്യബന്ധന മേഖല കടുത്ത വിഭവ പ്രതിസന്ധി നേരിടുകയായിരുന്നു.
മൽസ്യബന്ധന രംഗത്ത് നിലനിന്നിരുന്ന അശാസ്ത്രീയവും അനാരോഗ്യകരമായ പ്രവണതകളും, കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച ആഘാതങ്ങളുമായിരുന്നു ഇത്തരം പ്രതിസന്ധിയിലേക്ക് എത്തിച്ചത് .
മൽസ്യബന്ധന യാനങ്ങളുടെ എണ്ണം കടലിലെ വിഭവ ശേഷിക്കപ്പുറം വർദ്ധിച്ചതും, മൽസരിച്ച് ഓരോ യാനവും എഞ്ചിന്റെ കുതിരശക്തിയും വലയുടെ വലിപ്പവും വർദ്ധിപ്പിച്ചതും വിഭവ പ്രതിസന്ധിയ്ക്ക് കാരണമായി. വിഭവ ലഭ്യത കുറഞ്ഞതോടെ വളർച്ചയെത്താത്ത മൽസ്യ കുഞ്ഞുങ്ങളെ പിടിക്കുന്ന തികച്ചും അശാസ്ത്രീയമായ മൽസ്യബന്ധന രീതിയും വ്യാപകമായി.
മൽസ്യബന്ധന രംഗത്തെ ഇത്തരം അനാരോഗ്യകരമായ പ്രവണതകൾക്ക് തടയിടേണ്ടത് മൽസ്യ സമ്പത്തിന്റെ സംരക്ഷണത്തിനും, തൊഴിലാളികളുടെ നിലനിൽപ്പിനും അത്യന്താപേക്ഷിതമായിരുന്നു.

ഇടത് പക്ഷ സർക്കാർ അധികരത്തിലെത്തിയ ഉടൻ തന്നെ കേരള സമുദ്ര മൽസ്യബന്ധന നിയന്ത്രണ നിയമം സമഗ്രമായി പരിഷ്ക്കരിക്കുന്നതിനുള്ള പഠനം നടത്തുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.. സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മൽസ്യത്തൊഴിലാളി സംഘടനകളുമായും, ബോട്ട് ഉടമ പ്രതിനിധികളുമായും പലവട്ടം വിശദമായ ചർച്ച നടത്തിയതിന് ശേഷമാണ് നിയമം പരിഷ്ക്കരിച്ചത്.
സ്വഭാവികമായും മൽസ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷനും ലൈസൻസിനും നിശ്ചയിച്ചിരുന്ന ഫീസുകളുടെ കാലാനുസൃതമായ പുതുക്കൽ ചട്ടകളിൽ പരിഗണിച്ചിരുന്നു.

ഏതെങ്കിലും വിഭാഗത്തിൽ വരുന്ന മൽസ്യബന്ധന യാനങ്ങൾക്ക് രജിസ്ട്രേഷൻ ഫീസിലും ലൈസൻസ് ഫീസിലും ന്യായീകരിക്കാനാവാത്ത വർദ്ധനവ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുവാനും, അപ്രകാരം ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ ന്യായമായ ഇളവ് അനുവദിക്കുന്നതിനും സർക്കാരിന് തുറന്ന സമീപനമാണെന്ന് പല തവണ വ്യക്തമാക്കിയതാണ്.

വസ്തുതകൾ ഇതായിരിക്കെ വ്യാജ പ്രചരണങ്ങൾ നടത്തി മൽസ്യത്തൊഴിലാളികൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവരെ മൽസ്യത്തൊഴിലാളി സമൂഹം തിരിച്ചറിയുക തന്നെ ചെയ്യും.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Trending

പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ദേവീക്ഷേത്ര സമർപ്പണം നടത്തി

പുനപ്രതിഷ്ഠാ കർമ്മം നടന്ന പണ്ടാരത്തുരുത്ത് ശ്രീ മുക്കുംപുഴ ദേവീക്ഷേത്രത്തിന്റെ സമർപ്പണം ഭദ്രദീപം തെളിയിച്ചുകൊണ്ട് നിരഞ്ജർ പീഠാധീശ്വർ സ്വാമി ...