FROM ALAAPAD VILLAGE

2019, ജനുവരി 12, ശനിയാഴ്‌ച

കണക്കുകൾ പറയുന്ന ഒരു തലമുറയാണ് ഇവിടെ അതിജീവനത്തിനായി പോരാടുന്നത്.

ആലപ്പാടിന്റെ നിലനിൽപ്പിനായുള്ള സമരത്തിനെതിരെയുള്ള അപവാദപ്രചാരണങ്ങൾക്കെതിരെ യുവാവ് എഴുതിയ കുറിപ്പ് വൈറൽ ആകുന്നു. ആലപ്പാട് സ്വദേശിയും സമരസമിതി അംഗവുമായ കാർത്തിക് ശശിയുടേതാണ് ഈ കുറിപ്പ്..

മൊത്തം വായിക്കാൻ ക്ഷമ ഉണ്ടേൽ മാത്രം വായിച്ചു തുടങ്ങുക.
ഒരു സമരം ശക്തി പ്രാപിക്കുമ്പോൾ സ്വാഭാവികമായും അതിനെതിരെ പ്രതിരോധം തീർക്കേണ്ടവർ നിഷ്പക്ഷം എന്ന് തോന്നിക്കുമാറ് ചിലരെ ഒക്കെ കൊണ്ട് സമരത്തേയും, അതിന് ചുക്കാൻ പിടിക്കുന്നവരേയും തേജോവധം ചെയ്യുക, അപകീർത്തിപെടുത്തുക തുടങ്ങിയ തരംതാണ പ്രചരണങ്ങളുമായി ഇറങ്ങുക സ്ഥിരം കാഴ്ചയാണ്. കേരളത്തിൽ ഏത് സമരങ്ങൾ ഉണ്ടായാലും ഇത്തരത്തിൽ ഉള്ള വിവരക്കേടുകളുടെ വ്യാപാരം സുനിശ്ചിതമായ കാര്യമാണ്. അത് കൊണ്ട് തന്നെ ആലപ്പാട്ടെ അതിജീവനത്തിനായി പോരാടുന്ന ഞങ്ങൾക്ക് ഇതൊരു പ്രശ്‌നമേയല്ല. മാത്രമല്ല വർഷങ്ങളായി ഇതിനായി പോരാടുന്ന ഞങ്ങൾ ഇത് നിരന്തരം കേൾക്കുന്നതാണ്, അല്ലാതെ ഇപ്പോഴത്തെ നവമാധ്യമ വികസന സ്നേഹികൾ പറയുമ്പോൾ ആദ്യമായി കേൾക്കുന്നവരല്ല. തികഞ്ഞ മുൻവിധോയോടെ ഈ വിഷയത്തെ സമീപിക്കുന്നവർക്ക് മറുപടി ഇല്ല. പക്ഷേ ഈ ആരോപണങ്ങൾ കേൾക്കുമ്പോൾ ശങ്കിച്ചു പോകുന്ന നിഷ്കളങ്കരായ മനുഷ്യരുടെ അറിവുകളിലേക്ക് ചില കാര്യങ്ങൾ ചൂണ്ടി കാട്ടുന്നു.

ഇതെന്താ പെട്ടെന്നൊരു സമരം??????

പ്രിയ സഹോദരങ്ങളെ ഈ സമരം പെട്ടെന്നൊന്നും ഉണ്ടായതല്ല. ഖനനത്തോളം പഴക്കമുണ്ട് സമരത്തിനും. അന്നത്തെ സമരങ്ങൾ പോലെയല്ല കഴിഞ്ഞ കാൽ നൂറ്റാണ്ടായി നടക്കുന്ന സമരങ്ങൾ. അത് അതിജീവനത്തിന് വേണ്ടിയുള്ളതാണ്. 1992ലെ ഞങ്ങളുടെ നാട്ടിൽ നടന്ന കരിമണൽ ഖനനത്തിന് എതിരെയുള്ള യുവകലാസാഹിതിയുടെ പരിസ്‌ഥിതി സംരക്ഷണ ജലജാഥയിൽ വെച്ചാണ് കവി ഇഞ്ചക്കാട് ബാലചന്ദ്രൻ അവർകൾ "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ" എന്ന ഗാനം എഴുതിയത്. 1994ൽ ഇന്നീ പൊതുമേഖലാ സ്നേഹം വിളമ്പുന്ന ഈ പൊതുമേഖലയും, അന്നത്തെ ഭരണകൂടവും ഒക്കെ ചേർന്നാണ് കെംപ്ലാസ്റ്റ്, റെന്നിസൺ ഗോൾഡ്‌ ഫീൽഡ് കൺസോർഷ്യം, വെസ്ട്രേലിയൻ സാൻഡ്‌സ് തുടങ്ങിയ കമ്പിനികളെ കെട്ടിയെഴുന്നെള്ളിച്ചു കൊണ്ട് വന്ന് ആയിരംതെങ്ങ് മിനറൽ കോംപ്ലെക്‌സ് പണിയാൻ തുടങ്ങിയത്. അന്നീ നാട്ടിലെ ജനങ്ങളുടെ അതിശക്തമായ സമരം കൊണ്ടാണ് ഒടുവിൽ ഈ കമ്പിനികൾ കെട്ടു കെട്ടിയത്. അന്ന് സമരം നയിച്ച ചെറുപ്പക്കാർ ആണ് ഞങ്ങളുടെ പുതിയ തലമുറയിലെ സമരത്തിലെ മുതിർന്നവർ എന്ന് കൂടി അറിയുക. ആ സമരങ്ങളുടെ തുടർച്ച എല്ലാക്കാലവും ഉണ്ടായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രൂപത്തിൽ, തീരദേശ സംരക്ഷണ സമിതിയുടെ രൂപത്തിൽ, നിലപാടുകളുള്ള യുവജന സംഘടനകളുടെ രൂപത്തിൽ ഒക്കെ ചെറുത്തു നിൽപ്പുകൾ ഉണ്ടായി. ഞാൻ പോലും പതിനെട്ട് വർഷം മുൻപ് പത്താം ക്ലാസ് വിദ്യാർത്ഥി ആയിരിക്കുമ്പോഴേ സമരത്തിന്റെ ഭാഗമായതാണ്. ഇവിടെ നടന്ന ചെറുത്ത് നിൽപ്പുകൾ മൂലം പലപ്പോഴും കമ്പിനി സീ വാഷിങ് ഉൾപ്പെടെ ഉള്ള പരിപാടി നിർത്തി വെക്കുകയും, പിന്നേയും സ്വാധീനം ഉപയോഗിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ കൊടുത്ത പരാതിയുടെ പുറത്താണ് ഒരു വർഷം മുൻപ് നിയമസഭാ പരിസ്‌ഥിതി കമ്മിറ്റി എത്തുകയും, റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തത്. സമ്മർദ്ധങ്ങളുടെ ഫലമായി ഖനനത്തിന് എതിരായി കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയും, ഈ പഞ്ചായത്ത് കമ്മിറ്റിയും പ്രമേയങ്ങളും പാസ്സാക്കിയിട്ടുണ്ട്. ഇവിടെ നടക്കുന്ന മുഴുവൻ പ്രതിരോധങ്ങളെയും ഒറ്റ കുടക്കീഴിൽ ആക്കുക മാത്രമാണ് രണ്ടര വർഷങ്ങൾക്ക് മുൻപ് ഉണ്ടായ കൂട്ടായ്മ ചെയ്തത്. അതിന്റെ തുടർച്ചയായി ആണ് സേവ് ആലപ്പാട് എന്ന നവമാധ്യമ കൂട്ടായ്‌മ ഉണ്ടായത്. എന്നാൽ ഈ മുദ്രാവാക്യം വർഷങ്ങൾക്ക് മുൻപേ ഞങ്ങൾ മുഴക്കിയതും ആണ്. ഫേസ്ബുക്ക് പേജ് തുടങ്ങിയതും ആണ്. കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ വീണ്ടും 2020ഓട് കൂടി മൈനിങ് ലീസ് പുതുക്കാനായി കമ്പിനി കൊടുത്ത അപേക്ഷയിൻ മേൽ നടന്ന പബ്ലിക്ക് ഹിയറിങ്ങിൽ ആലപ്പാടിന്റെ പ്രതിഷേധം അധികാരികൾ കണ്ടതുമാണ്. എന്നാൽ ഇതൊന്നും ഞങ്ങൾക്ക് നീതി നൽകുന്നില്ല എന്ന് കണ്ടപ്പോൾ ആണ് കുറേക്കാലമായി നടക്കുന്ന അതിജീവന സമരങ്ങളുടെ തുടർച്ചയായി സമര പന്തൽ തുടർന്നത്. അത് എവിടെയോ ഇരുന്ന് കരയുന്ന ഈ നാടറിയാത്ത വികസനവാദികൾ പറയുമ്പോലെ ഒറ്റ ദിവസം കൊണ്ട് പൊട്ടി പുറപ്പെട്ടതല്ല.

ഈ സമരം സ്വകാര്യ മേഖലയെ സഹായിക്കാൻ ആണ്, പൊതുമേഖലയെ തകർക്കാൻ ആണ്.
ആദ്യമേ പറയാം ചാകാൻ പോകുന്ന കോഴിക്ക് നിന്നെ ചിക്കൻ ഫ്രൈ ആക്കാം എന്നോ, ചിക്കൻ കറി ആക്കാമെന്നോ പറയുന്നത് കേൾക്കുമ്പോൾ ഒന്നും തോന്നില്ല, മരണഭയം മാത്രമാണ് ശേഷിപ്പ്. ഞങ്ങളെ സംബന്ധിച്ച് പൊതുമേഖല ഈ നാടിന് ഒരു ചുക്കും ചെയ്തിട്ടില്ല, സ്വകാര്യ മേഖല ഇനി ഒരു ചുക്കും ചെയ്യുകയും വേണ്ട. പിന്നെ പൊതുമേഖലാ സ്നേഹം പറയുന്നവർ അതും അധികാര വർഗ്ഗത്തിന്റെ ഭാഗമായവർ ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തരേണ്ടി വരും.

ആറ് പതിറ്റാണ്ടായ പൊതുമേഖലയിലെ ഖനനം കേന്ദ്ര, സംസ്ഥാന ഖജനാവുകളിലേക്ക് എത്ര രൂപ നൽകിയിട്ടുണ്ട്? ധവളപത്രം പുറപ്പെടുവിക്കണം.

ഐ.ആർ.ഇ, കെ.എം.എം.എൽ പോലെയുളള പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവരുടേയും, ഇരുന്നവരുടേയും സ്വത്ത് വിവരങ്ങൾ അന്വേഷിക്കണം. അവർ വിരമിച്ചിട്ട് എവിടെ ഒക്കെ ജോലി ചെയ്‌തെന്നും അന്വേഷിക്കണം. അപ്പോൾ പുറത്ത് വരാൻ പോകുന്നത് സ്വകാര്യ മേഖലയുമായുള്ള അവിശുദ്ധ കൂട്ട് കെട്ടാകും.

കൊച്ചിയിലെ സി.എം.ആർ.എൽ എന്ന ശശിധരൻ കർത്തയുടെ കമ്പിനി ഇപ്പോഴും കൊച്ചിയിലെ മനുഷ്യരുടെ വൃക്കകളെ അരിപ്പയാക്കി കൊണ്ട് പെരിയാർ നശിപ്പിച്ചു കൊണ്ട് മുന്നേറുന്നു. അവർക്ക് പിന്തുണയുമായി മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ട്. അവർക്ക് എവിടെ നിന്നാണ് ഈ മണൽ ലഭിക്കുന്നത്? എത്രത്തോളം മണൽ ലഭിക്കുന്നു? അവർ അതെന്ത് ചെയ്യുന്നു? ഇത് അന്വേഷിക്കണം.

പത്ര വാർത്തകൾ പറയുന്നത് കഴിഞ്ഞ ഒരു വർഷം കൊണ്ട് തൂത്തുകുടിയിലെ വൈകുണ്ഡരാജന് എട്ട് ലക്ഷം ടൺ മണ്ണ് കേരളത്തിൽ നിന്ന് കിട്ടിയെന്നാണ്? ഒരു ലോറിയിൽ എട്ട് ടൺ മണ്ണ് കയറിയാൽ ഒരു ലക്ഷം ലോറി മണ്ണ് അതായത് ഒരു ദിവസം മുന്നൂറ് ലോറിയോളം മണ്ണ് ഇവിടെ കൂടെ അവിടെ എത്തി? ആരെത്തിച്ചു? ഇവിടെ ചില ബോധമില്ലാത്തവർ പറയുമ്പോലെ ഞങ്ങൾ നാട്ടുകാരായവർ, പാവം മൽസ്യ തൊഴിലാളികളോ? അല്ല അധികാരികൾ തന്നെ. ഇനി നിങ്ങൾ അല്ലെങ്കിൽ ഓരോ ദിവസവും മുന്നൂറ് ലോറി മണ്ണ് കടന്ന് പോയിട്ടും അറിയാതെ പോയ നിങ്ങളൊക്കെ എന്തിന് അവിടെ കുത്തി ഇരിക്കുന്നു? ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഈ അവിശുദ്ധ കൂട്ടുകെട്ട് മനസ്സിലാക്കാൻ വേണ്ടത്. പൊതുമേഖല എന്ന വിശുദ്ധ പശുവിന്റെ മറവിൽ സ്വകാര്യ മേഖല തിന്ന് കൊഴുക്കുകയാണ്, ഒപ്പം പങ്ക് പറ്റുന്നവരും. അത് കൊണ്ട് ഇതും അന്വേഷിക്കണം.

തീർന്നില്ല നാളിതുവരെ ഈ രണ്ട് കമ്പിനികളും നടത്തിയ ഖനനവും, അത് വഴി എടുത്ത മണ്ണും, അത് പോയ വഴിയും, എത്തിയ ഇടങ്ങളും, രാജ്യങ്ങളും ചാനലൈസ് ചെയ്യണം. അന്വേഷിക്കണം, രാജ്യത്തെ വഞ്ചിച്ചവരെ ശിക്ഷിക്കണം. ഒന്ന് കൂടി ഞങ്ങൾ പറയുന്നു. ഞങ്ങളുടെ 7.6ചതുരശ്ര കിലോമീറ്റർ ഭൂമിക്ക് മുകളിൽ നിന്നാണ് നിലനിൽപ്പിനായി വാദിക്കുന്നത്. ആ ഞങ്ങൾ പൊതുമേഖലയെ പൂട്ടിച്ചു സ്വകാര്യ മേഖലയെ കൊണ്ട് വരാൻ ശ്രമിക്കുന്നവർ ആണെന്ന് പറയുന്നവരോട്, വെറുതെ കണ്ണടച്ച് ഇരുട്ടാക്കരുത്. കാരണം നാളെ സ്വകാര്യ മേഖല കടന്ന് വരണം എങ്കിലും സംസ്ഥാന സർക്കാർ അനുമതി വേണം, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, സി.ആർ.ഇസഡ് തുടങ്ങി ഒരു പിടി കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ അനുമതി വേണം. ഇതൊന്നും കൊടുക്കുന്നത് ഇവിടുത്തെ സമരക്കാരോ, മൽസ്യ തൊഴിലാളികളോ അല്ല. ഒരു നാടിന്റെ നില നിൽപ്പിനായി ഖനനം വേണ്ട എന്ന് പറയുമ്പോൾ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത് സ്വകാര്യ മേഖലയ്ക്ക് വേണ്ടിയുളള സമരം എന്ന് ആക്ഷേപിക്കുന്നു എങ്കിൽ ഒന്നേ പറയാനുള്ളൂ നിങ്ങൾക്ക് നിങ്ങളെ തന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് ഈ വാദം.

ഈ സമരം അരാഷ്ട്രീയ വാദികളുടേത് ആണ്, ഇത് ചിലരെ വളർത്താൻ ആണ്.
അല്ല അറിയാൻ മേലാത്തത് കൊണ്ട് ചോദിക്കുകയാണ് എന്താണ് നിങ്ങൾ ഈ പറയുന്ന രാഷ്ട്രീയം? എന്താണ് നിങ്ങൾ മനസ്സിലാക്കി വെച്ചിരിക്കുന്നത്? കടപ്പുറത്തേക്ക് വാ അതിന്റെ സൈദ്ധാന്തിക വശം ഞങ്ങൾ കൃത്യമായി പഠിപ്പിച്ചു തരാം. പിന്നെ പാർട്ടി രാഷ്ട്രീയം ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഇത് നിൽക്കുന്ന തൊണ്ണൂറ്റി ഒൻപത് ശതമാനം പേരും ഏതെങ്കിലും ഒക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരും, സ്ഥാനങ്ങളിൽ ഉള്ളവരും ആണ്. പിന്നെ കടപ്പുറക്കാരന്റെ രാഷ്ട്രീയ വളർച്ച എപ്പോഴും കടലിന്റെ ഓരത്ത് മാത്രമായത് കൊണ്ട് ഞങ്ങൾക്കൊക്കെ ഉള്ള സ്ഥാനങ്ങൾ ആ ഇട്ടാവട്ടത്തിൽ ഒതുങ്ങും എന്നേയുള്ളൂ. ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത് നാടിന്റെ നില നിൽപ്പിനായുള്ള രാഷ്ട്രീയ ചേരിയിൽ ആണ്. അവിടെ ഞങ്ങൾ ഒന്നിച്ചു നിൽക്കുന്നത് കൊണ്ട് തന്നെയാണ് പലർക്കും ദഹന കുഴപ്പം എന്നും അറിയാം, അത് പൊളിക്കാനുള്ള വിത്തുകൾ വിതറുന്നത് കാണുന്നുമുണ്ട്. പക്ഷേ അത് കിളിർക്കില്ല എന്ന് അറിയുക. പിന്നെ ഈ സമരത്തെ ഇവിടെ വന്നും, പല ഇടങ്ങളിൽ ഇരുന്നും പലരും പിന്തുണയ്ക്കുന്നുണ്ട്. അത് അവരുടെ ഇഷ്ടം. പക്ഷേ എല്ലാരേയും എവിടെ നിർത്തണം എന്ന് ഞങ്ങൾക്ക് അറിയാം. കീഴാറ്റൂരിലൊക്കെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കളിച്ച നാടകത്തിൽ പെട്ട് ഞെരിഞ്ഞമർന്ന സമരത്തിന്റെ അവസ്ഥയൊന്നും ഇവിടെ ഉണ്ടാകില്ല. കാരണം നിങ്ങൾ കരുതുന്ന പോലെയല്ല ഇന്നത്തെ കടപ്പുറങ്ങൾ. "കടപ്പുറം" നിങ്ങളുടെ പഴയ ബോധത്തിലെ കടാപ്പുറങ്ങൾ അല്ല.

പൊതുമേഖലാ സ്ഥാപനങ്ങൾ അല്ലേ, അത് കൊണ്ട് എല്ലാ നിയമങ്ങളും പാലിച്ചിട്ട് ഉണ്ട്. 
 എവിടെയോ ഇരുന്ന് ഒരു ചുക്കും അറിയാത്തവർ പറയുന്ന വാദങ്ങൾ മാത്രം. ഈ കമ്പിനികളിൽ ഉളളവർ പോലും ഇത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല.

ഇന്ന് വരെ ആലപ്പാട് ഖനനം ചെയ്തിട്ട് അവർ ഒരു സെന്റ് ഭൂമി പോലും നികത്തി തിരികെ നൽകിയിട്ടില്ല. പൊന്മന എന്ന 1500 കുടുംബങ്ങൾ ഉണ്ടായ ഗ്രാമം 3കുടുംബങ്ങൾ മാത്രമായി ചുരുങ്ങി. വെള്ളനാതുരുത്ത് എന്ന ഇടത്ത് നിന്ന് മാത്രം അഞ്ഞൂറിലേറെ പഞ്ചായത്തിലുടനീളം ആയിരത്തിലേറെ കുടുംബങ്ങൾ പലായനം ചെയ്യേണ്ടി വന്നു. ഒപ്പം സുനാമി പുനരധിവാസത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കുടുംബങ്ങൾ വേറെയും. പിന്നെ ഇവർ പറയുന്ന പുത്തൻതുറ മോഡൽ. അത് നീണ്ടകര പഞ്ചായത്തിൽ ആണ്, അത് റീഫിൽ ചെയ്തത് ആലപ്പാട്ടെ മണ്ണ് കൂടി കൊണ്ട് പോയാണ്. എന്നാൽ ഇന്നും അവിടെ വസ്തു തിരികെ കിട്ടാത്ത മനുഷ്യർ ഉണ്ട്. പിന്നെ അവിടെ കാണുന്ന വലിയ വീടുകളും, സൗകര്യങ്ങളും കമ്പിനി നൽകിയത് അല്ല അവിടുത്തെ ജനം.അധ്വാനിച്ച് ഉണ്ടാക്കിയതാണ്. ഈ കോടീശ്വര ന്യായം എങ്ങാനും അവിടെ നിന്ന് പറഞ്ഞാൽ കടപ്പുറക്കാരന്റെ കൈയ്യുടെ ചൂട് ഈ ന്യായീകരണ തൊഴിലാളികൾ അറിയും.

സുനാമി എന്ന മഹാദുരന്തം ഉണ്ടായിട്ട് ഒരു ചുടു കട്ട പോലും ഈ പഞ്ചായത്തിൽ ഇവർ വാങ്ങി നൽകിയില്ല.

രാജ്യത്തെ ഖനന നിയമപ്രകാരം കമ്പിനി ലാഭത്തിന്റെ പത്ത് ശതമാനം പദ്ധതി പ്രദേശത്ത് ചിലവഴിക്കണം. ഇവർ വർഷം തോറും പഞ്ചായത്തിന് നൽകുന്നത് രണ്ട് ലക്ഷം രൂപ. പോരാത്തതിന് ഖനന മേഖലയിലെ സർക്കാർ വികസനം പോലും അട്ടിമറിക്കും, കാരണം എങ്കിലേ ജനം വസ്തു കൊടുത്തിട്ട് പോകൂ.

പരിസ്‌ഥിതി അനുമതി കിട്ടാത്ത ഇടങ്ങളിൽ ഖനനം നടത്താൻ പാടില്ല എന്ന് 2017ലെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവും, സുപ്രീംകോടതിയുടെ കോമൺ കേസ് ജഡ്ജുമെന്റും പറയുന്നു. എന്നാൽ കമ്പിനി ആലപ്പാട് തന്നെ ഇത്തരത്തിൽ ലംഘനം നടത്തിയിട്ടുണ്ട്. അത്തരം കമ്പിനികൾക്ക് ഇനി മേലാൽ പരിസ്‌ഥിതി അനുമതി നൽകരുത് എന്നും, 200 ശതമാനം പിഴ ഈടാക്കണം എന്നുമാണ് നിയമം പറയുന്നത് എന്നത് കൂടി ഇത്തരുണത്തിൽ ഓർമിപ്പിക്കുന്നു.

സീ വാഷിങ് എന്ന ഖനന രീതി സി.ആർ.ഇസഡ് നിയമം പോലും വിലക്കുന്നതാണ്. എന്നാൽ അവർ അത് നിർബാധം തുടരുന്നു. തീരത്ത് നിന്നും ഇവർ ഇങ്ങനെ മണൽ കുത്തി കോരുന്നത് കൊണ്ടാണ് വടക്ക് വശത്ത് നിന്നും മണ്ണിടിഞ്ഞ് അവരുടെ ഖനന മേഖലയിലേക്ക് തന്നെ ചെല്ലുന്നതും, ആലപ്പാട് പഞ്ചായത്തും, വടക്ക് ഭാഗങ്ങളിൽ ഉള്ള പഞ്ചായത്തുകളും അനുദിനം ലോപിക്കുന്നതും. തെക്ക് മണൽ എടുത്താൽ വടക്ക് കര ഇടിയുമെന്ന് അറിയാൻ കടൽ അറിയുന്ന മൽസ്യ തൊഴിലാളിയുടെ ബോധം മാത്രം മതി.

ഖനനം പ്രദേശത്തിന്റെ ജൈവ സമ്പത്തിനോ, പരിസ്ഥിതിക്കോ കോട്ടം തട്ടുന്ന രീതിയിൽ ആകരുതെന്നാണ് നിയമം. കമ്പിനികൾ അവരുടെ ഖനന പദ്ധതി രേഖയിൽ ഉറപ്പ് നൽകുന്നുമുണ്ട്. എന്നാൽ ഇവിടെ പരിസ്‌ഥിതി അപ്പാടെ തകർന്നു. അവർ കാവുകളും, കണ്ടലും, ചതുപ്പും, ജലാശയങ്ങളും എല്ലാം കുഴിച്ചു കഴിഞ്ഞു. ഈ ഖനന രീതി കരിമണൽ കുന്നുകൾ ഇല്ലാതാക്കി, പരിഹാരമായി കടൽ ഭിത്തി പണിയാൻ കല്ല് കൊണ്ട് വരുമ്പോൾ പശ്ചിമഘട്ടത്തിന് ഉണ്ടാകുന്ന പരിസ്‌ഥിതി പ്രത്യാഘാതം, ഈ കടൽ ഭിത്തി ഉണ്ടായത് കൊണ്ട് പ്രജനനം നഷ്ടപ്പെട്ട കടൽ ആമകൾ, ഞണ്ടുകൾ, നത്തക്ക തീരം ഇല്ലാതെ ഒഴിഞ്ഞു പോകുന്ന കടൽ കാക്കകൾ, ദേശാടന പക്ഷികൾ.

കെ.എം.എം.എൽ തള്ളുന്ന വിഷ ജലം കടലിന്റെ നിറത്തെ പോലും ചുവപ്പിച്ചു. കടൽ ചുവക്കണം എങ്കിൽ എന്താകും അതിന്റെ തീവ്രത. ക്ലൈമറ്റ് വാണിംഗ് ആഘോഷമാക്കുന്ന നെറി കെട്ട രീതികൾ. ഇത് മൂലം തീരത്ത് നിന്നും ഇല്ലാതായ ചെറു മീനുകൾ. കണക്കുകൾ വലുതാണ് ന്യായീകരണ പുംഗവന്മാരെ.


കരിമണൽ ക്യാൻസർ ഉണ്ടാക്കും.അത് കൊണ്ട് എടുത്ത് മാറ്റണം..
 ആഹാ എന്തൊരു സ്നേഹം? കണക്കുകൾ പറയുന്നത് ആലപ്പാട് പഞ്ചായത്തിലെ ക്യാൻസർ രോഗികളുടെ എണ്ണം തൊണ്ണൂറിന് അടുത്ത് മാത്രമാണ്. തൊട്ടടുത്ത പഞ്ചായത്തുകളേക്കാൾ കുറവ്. അപ്പോൾ തന്നെ റേഡിയേഷൻ വാദം തകർന്നു. പിന്നെ ചില വിദഗ്ധർ പറയുന്നു, ഈ മണ്ണിൽ ജനിച്ചു വളർന്ന മനുഷ്യർക്ക് സ്വാഭാവിക പ്രതിരോധശേഷി ഉണ്ടാകും എന്ന് തന്നെയാണ്. എന്തായലും റേഡിയേഷൻ അനുബന്ധ രോഗങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ ഈ വാദത്തിന് പ്രസക്തി ഇല്ല. വാരനാട് പോലെയുള്ള ഇടങ്ങളിൽ മദ്യ കമ്പനികളുടെ സാന്നിധ്യം ക്യാൻസർ പടർത്തുന്നു എന്ന് പഠനം നടന്നിട്ടും ഒരു നടപടി എടുക്കാത്ത നാട്ടിലാണ് ഈ സ്നേഹം എന്ന് കൂടി ഓർക്കണം.


കമ്പിനിയിലെ തൊഴിലാളികൾ
ആഹാ എന്തൊരു തൊഴിലാളി സ്നേഹം. ഇരുന്നൂറോളം വരുന്ന ഈ മൈനിങ് തൊഴിലാളികളെ എന്തേ കമ്പിനി സ്ഥിരപ്പെടുത്താതെ പോയത്? സ്ഥിര പെടുത്തിയാൽ നാട്ടുകാർ എന്ന വ്യാജേന അവരെ നാട് മുഴുവൻ കൊണ്ട് നടത്താനും, അപവാദ പ്രചരണം നടത്താനും പറ്റില്ലല്ലോ അല്ലേ? ആ പാവങ്ങളുടെ ജോലി പോകുമെന്ന് പറഞ്ഞു കൊണ്ട് അവരെ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ട് അതിജീവന സമരത്തെ ഭീഷണി പെടുത്താൻ പറ്റില്ല അല്ലേ? അപ്പോൾ കമ്പനി അവരെ അങ്ങ് സ്ഥിരപ്പെടുത്തി എവിടെ എങ്കിലും കൊണ്ട് ജോലി ചെയ്യിപ്പിക്കൂ. ഇനി ഞങ്ങൾ വേറെ ഒരു കൂട്ടം തൊഴിലാളികളെ കുറിച്ച് പറയാം, തൊഴിലാളി സ്നേഹികളെ. അവർ മൽസ്യ തൊഴിലാളികൾ ആണ്. ആലപ്പാട് പഞ്ചായത്തിൽ അധിവസിക്കുന്ന, ആശ്രയിക്കുന്ന പതിനായിരത്തോളം മൽസ്യ തൊഴിലാളികൾ ഉണ്ട്. അവരുടെ തൊഴിൽ ഇല്ലാതായി പോകും ഈ നാട് ഇല്ലാതായി പോയാൽ. അവരുടെ പ്രശ്നം നിങ്ങൾക്ക് പ്രശ്നം അല്ലല്ലേ? പ്രളയ കാലത്ത് 54 വള്ളങ്ങളിൽ വന്ന ഞങ്ങൾ425 മനുഷ്യരെ നിങ്ങൾ അതിന്റെ പേരിൽ കാണേണ്ട. പക്ഷേ ഖജനാവിലേക്ക് കോടി കണക്കിന് രൂപയുടെ വിദേശ നാണ്യം നേടി തരുന്ന മൽസ്യ തൊഴിലാളിയെ അവനരുടെ നില നിൽപ്പിനെ, അവരുടെ അതിജീവന പോരാട്ടത്തെ അഡ്രസ്‌ചെയ്തേ മതിയാകൂ. ഇനിയും ഉണ്ട് പലതും പറയാൻ. സുനാമിക്ക് ശേഷം അടിഞ്ഞു കൂടിയ ധാതുമണൽ ആണ് കരിമണൽ എന്നൊക്കെ വിളമ്പിയ നയാ പൈസയുടെ ബോധമില്ലാത്ത ഊളകളോട് പറയുന്നു, ഒ.എം.കെ.വി. പിന്നെ ഞങ്ങൾ മണൽ എടുത്തു കൊടുത്ത് നാനൂറും,അഞ്ഞൂറും രൂപ വാങ്ങുന്നു എന്ന് പറയുന്ന മഹാന്മാരോട് പറയുന്നു ഇവിടെ വരൂ. ഞങ്ങൾ വള്ളത്തിലെ കാശ് വീതിക്കുമ്പോൾ പടി പുറത്ത് ഇരുന്നാൽ ഇതോ, ഇതിൽ കൂടുതലോ നിനക്കൊക്കെ തരാം.


അവസാനമായി മുക്കുവന്മാർ അല്ലേ? വിവരം കാണില്ല എന്ന് കരുതുന്നവരോട്. അതേ മുക്കുവർ തന്നെ. പ്രകൃതിയെ, അതിന്റെ ചലനങ്ങളെ കൃത്യമായി അറിയുന്ന മുക്കുവർ. പിന്നെ നിങ്ങൾ കരുതും പോലെ അല്ലേൽ നിങ്ങളിൽ ചിലർ നിർമിച്ചു തന്ന പൊതു ബോധം പോലെ ചെമ്മീനിലും, അമരത്തിലും, ചമയത്തിലും, ചാന്ത് പൊട്ടിലും ഒക്കെ കണ്ട മുക്കുവരല്ല കടപ്പുറത്ത് ഉള്ളത്. മുക്കുവന്റെ പ്രായോഗിക ബോധത്തിന് ഒപ്പം ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച നന്നായി കാര്യങ്ങൾ അപഗ്രഥിക്കുന്ന, കണക്കുകൾ പറയുന്ന ഒരു തലമുറയാണ് ഇവിടെ അതിജീവനത്തിനായി പോരാടുന്നത്. അത് കൊണ്ട് കേരളത്തിലെ സാധാരണ സമരങ്ങളെ തകർത്ത വില കുറഞ്ഞ ആയുധങ്ങൾ പോരാതെ വരും നിങ്ങൾക്ക്. പുതിയ ആടുകളേയും തെളിച്ചു കൊണ്ട് നിങ്ങൾ ഈ വഴി ഇനിയും വരില്ലേ? ഞങ്ങൾ കാത്തിരിക്കുകയാണ് ആടുകൾക്കുള്ള നല്ല തൂപ്പുമായി.

സമര സഖാക്കളെ നമ്മൾ മുന്നോട്ട് തന്നെ. കഥയില്ലാത്ത വർത്തമാനങ്ങളിൽ തളരണ്ട, കടൽ കണ്ട നമുക്ക് ഇതൊക്കെ എന്ത്? അഭിവാദ്യങ്ങളോടെ കാർത്തിക്ശശി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Trending

പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ദേവീക്ഷേത്ര സമർപ്പണം നടത്തി

പുനപ്രതിഷ്ഠാ കർമ്മം നടന്ന പണ്ടാരത്തുരുത്ത് ശ്രീ മുക്കുംപുഴ ദേവീക്ഷേത്രത്തിന്റെ സമർപ്പണം ഭദ്രദീപം തെളിയിച്ചുകൊണ്ട് നിരഞ്ജർ പീഠാധീശ്വർ സ്വാമി ...