VISION of ALAPPAD

FROM ALAAPAD VILLAGE

2024, മാർച്ച് 29, വെള്ളിയാഴ്‌ച

പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ദേവീക്ഷേത്ര സമർപ്പണം നടത്തി

പുനപ്രതിഷ്ഠാ കർമ്മം നടന്ന പണ്ടാരത്തുരുത്ത് ശ്രീ മുക്കുംപുഴ ദേവീക്ഷേത്രത്തിന്റെ സമർപ്പണം ഭദ്രദീപം തെളിയിച്ചുകൊണ്ട് നിരഞ്ജർ പീഠാധീശ്വർ സ്വാമി കൈലാസാനന്ദഗിരി ജി മഹാരാജ് നിർവഹിച്ചു.



ക്ഷേത്ര സന്നിധിയിൽ എത്തിയ സ്വാമിജിയെ താളമേളങ്ങളുടെയും താലപ്പൊലികളുടെയും മുത്തു കുടകളുടെയും അകമ്പടിയോടെ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.

ക്ഷേത്രാചാര്യൻ സുകുമാരൻ തന്ത്രികൾ പ്രസിഡൻറ് എം വത്സലൻ സെക്രട്ടറി എസ് ശ്യാംലാൽ ജനറൽ കൺവീനർ സി ചന്ദ്രബാബു തുടങ്ങിയവർ ചേർന്നാണ് സ്വാമിജിയെ വരവേറ്റത്.

ക്ഷേത്ര സമർപ്പണത്തിന് ശേഷം അനുഗ്രഹപ്രഭാഷണം നടത്തിയാണ് സ്വാമി മടങ്ങിയത്. ചടങ്ങിന് ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു.

ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ആത്മീയ സംഗമം വർക്കല ശിവഗിരി മഠം മഠാധിപതി സാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും സപ്താഹ ആചാര്യൻ ഡോ. പള്ളിക്കൽ സുനിൽ അധ്യക്ഷത വഹിക്കും. രാത്രി എട്ടിന് നാടകം 

2023, ഡിസംബർ 21, വ്യാഴാഴ്‌ച

ചെറിയഴീക്കൽ ഫുട്ബോൾ മാമാങ്കത്തിന് തുടക്കം

ചെറിയഴീക്കൽ ബീച്ച് ഫുട്ബോൾ..

ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഖില കേരള ബീച്ച് ഫുട്ബോൾ മേള ചെറിയഴീക്കൽ CFA ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ നാളെ മുതൽ ആരംഭി ച്ച് 30 നു സമാപിക്കും.


16 ബീച്ച് ടീമുകൾ പങ്കെടുക്കും. CFA റോളിങ് ട്രോഫിയും, കെ.ദേവരാജൻ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും 50,000 രൂപ കാഷ് പ്രൈസുമാണ് സമ്മാനം.

എസിപി: വി.എസ്.പ്രദീപ് മാർ മേള ഉദ്ഘാടനം ചെയ്യും.

30 ന് നടക്കുന്ന ഫൈനലിനു മുന്നോടിയായി കൊല്ലം, ആലപ്പുഴ വനിത ടീമിന്റെ സൗഹൃദ മത്സരവും നടത്തും.

വിജയികൾക്ക് സി. ആർ.മഹേഷ് എംഎൽഎ സമ്മാനദാനം നടത്തും.

ഒരുക്കങ്ങൾ പൂർത്തിയായതായി CFA ഭാരവാഹികൾ പറഞ്ഞു.

2023, ഡിസംബർ 15, വെള്ളിയാഴ്‌ച

പ്രബോധിനി സാഹിത്യ പുരസ്കാരം ജോർജ് ഓണക്കൂറിൻ്റെ ഹൃദയരാഗങ്ങൾക്ക്...

പ്രബോധിനി സാഹിത്യ പുരസ്കാരം ജോർജ് ഓണക്കൂറിന്. പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാല നൽകുന്ന പ്രബോധിനി സാഹിത്യ പുരസ്കാരം ഡോ. ജോർജ് ഓണക്കൂറിന്റെ "ഹൃദയരാഗങ്ങൾ എന്ന കൃതിക്ക് നൽകും.

10,000 രൂപയും അനി വരവിള രൂപ കൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
2023 ഡിസംബർ 31 നു വൈകിട്ട് 5 നു പണ്ടാരത്തുരുത്ത് പ്രബോധിനി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി.കുഞ്ഞികൃഷ്ണൻ സമ്മാനിക്കും.

ഡോ.വള്ളിക്കാവ് മോഹൻദാസ് ചെയർമാനും, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ, ഗ്രന്ഥശാല പ്രസിഡന്റ് പി.ദീപു എന്നിവർ അംഗങ്ങളുമായ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

കുഴിത്തുറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഷഡാധാര പ്രതിഷ്ഠ നടത്തി

കുഴിത്തുറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഷഡാധാര പ്രതിഷ്ഠ നടന്നു. കുഴിത്തുറ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള ഷഡാധാര പ്രതിഷ്ഠ ഇന്നു രാവിലെ 8.20 നും 8.45 നുമിടയിൽ മേൽശാന്തി സുനിൽ മക്കാടത്തിന്റെ സാന്നിധ്യത്തിൽ തന്ത്രി തോട്ടത്തിൽ മഠം അരുൺകുമാർ നമ്പൂതിരിപ്പാട് നിർവഹിച്ചു.

ഇന്നലെ വൈകിട്ട് അമൃതപുരി
ആശ്രമത്തിൽ നിന്നും മാതാ അമൃതാനന്ദമയി പൂജിച്ച് നൽകിയ ഷഡാധാര ശില്പങ്ങൾ താലപ്പൊലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ഘോഷ യാത്രയോടെയാണ് കുഴിത്തുറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തിച്ചത്.


ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി.

2023, ഡിസംബർ 12, ചൊവ്വാഴ്ച

ചെറിയഴീക്കൽ ദേവി തിയറ്ററിലെ 47 വർഷം മുൻപുള്ള സിനിമ പോസ്റ്റർ...

11.8.76 ബുധനാഴ്ച മുതൽ ചെറിയഴീക്കൽ ദേവിയിൽ, പ്രേംനസീർ മധു, വിജയശ്രീ, ജയഭാരതി, ഭാസി, ബഹദൂർ, ഉമ്മർ, വിൻസെന്റ, ജോസ് പ്രകാശ്, ശങ്കരാടി, തിക്കുറിശ്ശി, മുത്തയ്യ, സാധന, ശ്രീലത, മീന, കവിയൂർ പൊന്നമ്മ തുടങ്ങിയ ചലച്ചിത്ര സാമ്രാജ്യത്തിലെ 26ൽ പരം താരങ്ങളെ അണിനിരത്തി ശശികുമാർ സംവിധാനം ചെയ്ത ഒരുജ്വല മലയാള ചിത്രം "തിരുവാഭരണം". (അന്തരിച്ചു പോയ വിജയശ്രീയെ വീണ്ടും കാണാൻ ഒരു സുവർണ്ണ അവസരം) ശനി ഞായർ മാറ്റിനി മൂന്ന് മണിക്ക്.

മേൽപ്പറഞ്ഞത് കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്തിലെ ചെറിയഴീക്കൽ എന്ന സ്ഥലത്ത് ഉണ്ടായിരുന്ന ദേവി എന്ന തിയേറ്ററിലെ 47 വർഷം മുൻപ് നടന്ന സിനിമ പ്രദർശനത്തോടനുബന്ധിച്ചുള്ള പോസ്റ്ററിലെ വാചകങ്ങളാണ്.

പുതിയ തലമുറയ്ക്ക് അങ്ങനെ ഒരു തീയറ്റർ ഉണ്ടായിരുന്നന്നോ അല്ലെങ്കിൽ അത് എവിടെയായിരുന്നു എന്നൊന്നും ഒരു അറിവും ഉണ്ടായിരിക്കില്ല. ബിജു സുബ്രഹ്മണ്യൻ എന്ന വ്യക്തിയുടെ ടാഗോട് കൂടിയാണ് അന്നത്തെ സിനിമ പോസ്റ്റർ ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ഇത് കൂടാതെ നാടിൻറെ വളരെ പഴയ ചിത്രങ്ങളും ക്ഷേത്രങ്ങളുടെ ചിത്രങ്ങളും ഇദ്ദേഹത്തിൻറെ പക്കൽ ഉണ്ട്.

ഈ സിനിമ പോസ്റ്ററിന്റെ മറപുറത്ത് സിനിമയുടെ കഥയുടെ സാരാംശവും അതുപോലെ തന്നെ സെക്കൻഡ് ഷോ കഴിഞ്ഞ ശേഷം സെൻട്രൽ ജെട്ടിയിൽ നിന്നും കടത്ത് വള്ളം ഉണ്ടായിരിക്കുന്നതാണെന്നുമുള്ള അറിയിപ്പും കൊടുത്തിട്ടുണ്ട്.

ആ കാലത്തെക്കുറിച്ച് അറിയാവുന്നവർ അവരുടെ ഓർമ്മകൾ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്

2023, ഡിസംബർ 8, വെള്ളിയാഴ്‌ച

ചെറിയഴീക്കൽ ശ്രീ കാശി വിശ്വനാഥക്ഷേത്രം സമർപ്പണത്തിനൊരുങ്ങുന്നു

കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ചെറിയഴീക്കൽ ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിൻ്റെ ജീർണത പരിഹരിക്കുന്നതിനുവേണ്ടി കഴിഞ്ഞ ഏഴ് വർഷക്കാലമായി നടന്നുവന്ന ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പൂർണ്ണമായും കൃഷ്ണശിലയിൽ കേരളത്തനിമയും തമിഴ്നാട് ശൈലിയും ഒത്തുചേർത്താണ് ക്ഷേത്രം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. സ്വർണ്ണ കൊടിമരത്തോടുകൂടിയാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ഫെബ്രുവരി 18ന് പ്രതിഷ്ഠാ കർമ്മ നടക്കും. സ്വർണ്ണ കൊടിമരത്തിന്റെ സമർപ്പണം ഫെബ്രുവരി 21ന് നടക്കും.  28ന് ശിവരാത്രി മഹോത്സവത്തിന് തുടക്കമാകും. ഇത്തവണ വിവിധ കലാപരിപാടികളും പ്രഭാഷണങ്ങളും സമ്മേളനങ്ങളും കൂടാതെ ആദരിക്കൽ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ക്ഷേത്ര പ്രതിഷ്ഠയും അനുബന്ധ ഉത്സവ പരിപാടികളും വിജയിപ്പിക്കുന്നതിന് വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്ര നിർമ്മാണവും കൊടിമര സമർപ്പണവും ഉൾപ്പെടെ 20 കോടിയോളം രൂപയുടെ ചെലവാണ് ഉണ്ടാവുക. സ്വർണ്ണക്കൊടിമരം നേർച്ചയായി സമർപ്പിക്കുന്നത് ഇൻബോർഡ് വള്ളങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച് പ്രവർത്തിച്ചുവരുന്ന ശങ്കരനാരായണ ട്രസ്റ്റ് ആണ്.

വാർത്താസമ്മേളനത്തിൽ സുരേഷ് ഇളയശ്ശേരിൽ, ശശാങ്കൻ പുതുമണ്ണേൽ, ബാഹുലേയൻ, സുനിൽദത്ത് എന്നിവർ പങ്കെടുത്തു.

നവകേരള സദസ്സ്: പരസ്പര ആരോപണവുമായി ആലപ്പാട്ടെ പ്രതിപക്ഷവും ഭരണപക്ഷവും



നവ കേരള സദസ്സിന് സിപിഎം പഞ്ചായത്ത് അംഗങ്ങൾക്ക് ഒപ്പം ഐസ് പ്ലാന്റുകളിൽ വൻ തുക പിരിക്കാൻ പോയ ആലപ്പാട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പഞ്ചായത്ത് പ്രസിഡൻറ് രംഗത്ത് വന്നു.


ആലപ്പാട് പഞ്ചായത്തിലെ ഐസ് പ്ലാന്റുകളിൽ നിന്നും കാൽ ലക്ഷം രൂപ വീതമാണ് സെക്രട്ടറിയും സംഘവും ആവശ്യപ്പെട്ടതെന്ന് പ്രസിഡൻറ് യു. ഉല്ലാസ് ആരോപിച്ചു.

നിലവിൽ ആലപ്പാട് പഞ്ചായത്തിൽ 30 ഐസ് പ്ലാൻഡ്കളാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ കരാറുകാരെ ഉൾപ്പെടെ ഭീഷണിപ്പെടുത്തി എന്നും കോൺഗ്രസ്സ് ആരോപിക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ നിന്നും നവ കേരള സദസ്സിന് ഫണ്ട് നൽകേണ്ട എന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു.

ഇതോടൊപ്പം കഴിഞ്ഞ മൂന്നുദിവസമായി പഞ്ചായത്തിലെ ജീപ്പ് കാണാനില്ലെന്ന് കാണിച്ച് എൽഡിഎഫ് അംഗങ്ങളും സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.

നവ കേരള സദസ്സ് തകർക്കാൻ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡണ്ടും ചേർന്ന് പഞ്ചായത്തിലെ ജീപ്പ് കടത്തിയിരിക്കുകയാണെന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് എം. ലിജു ആരോപിച്ചു

കുഴിത്തുറ ഫിഷറീസ് ഓഫീസിൽ നിന്നുള്ള അറിയിപ്പ്

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള  എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും  നിർബന്ധമായും FIMS ൽ ( ഫിഷർമെന്റ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം )രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ 14-12-2023 വ്യാഴാഴ്ചക്കകം ക്ഷേമനിധി പാസ്ബുക്ക്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് മൊബൈൽ നമ്പർ എന്നിവയുമായി കുഴിത്തുറ ഫിഷറീസ് ഓഫീസിൽ എത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. കഴിഞ്ഞ വർഷത്തെ  സമ്പാദ്യ ആശ്വാസ പദ്ധതിയിൽ  ചേർന്ന് വിഹിതം അടച്ചവർക്ക് രജിസ്ട്രേഷൻ ഉള്ളതിനാൽവീണ്ടും രജിസ്ട്രേഷനായി വരേണ്ടതില്ല.

മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതി ഫിഷറീസ് വകുപ്പിന്റെയും ക്ഷേമനിധി ബോർഡിന്റെയും ക്ഷേമ പദ്ധതി ആനുകൂല്യങ്ങൾ എന്നിവ fims ൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ  അനുവദിക്കുകയുള്ളൂ.

അതിനാൽ ഇനിയും രജിസ്റ്റർ ചെയ്യാത്ത മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും14-12 2023 വ്യാഴാഴ്ചക്കകം ഫിഷറീസ് ഓഫീസിൽ രേഖകൾ ഹാജരാക്കി fims ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.10-11-23 ഞായറാഴ്ച ഇനിയും രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളുടെ രജിസ്ട്രേഷന് വേണ്ടി ഓഫീസ് പ്രവർത്തിക്കുന്നതാണ്.

10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ഉൾപ്പെടെയുള്ള  ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ  ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ അറിയിക്കുന്നു.

വിനീത്.വി, ഫിഷറീസ് ഓഫീസർ കുഴിത്തുറ.

2023, നവംബർ 17, വെള്ളിയാഴ്‌ച

ഇത് പോലൊരു ബസ് സർവീസ് കേരളത്തിൽ കാണില്ല. കടലിന്റെ മനോഹാരിത കണ്ട് കൊണ്ട് കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലേക്ക്



വൃശ്ചികോത്സവം പ്രമാണിച്ച് കരുനാഗപള്ളി ഡിപ്പോയിൽ നിന്നും കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലേക്ക് ലാലാജി ജംഗ്ഷൻ, പണിക്കർ കടവ്, മൂക്കുംപുഴ, വെളനാതുരുത്ത് വഴി പുതിയ സർവ്വീസ് KSRTC ആരംഭിച്ചു.

കരുനാഗപ്പള്ളിയിൽ നിന്ന് തീരദേശത്ത് കൂടി കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലെക്ക് പുതിയ സർവ്വീസിന്റെ ഫ്ലാഗ് ഓഫ് MLA ശ്രീ. CR.മഹേഷ് നിർവ്വഹിച്ചു.

രാവിലെ 06 മണിക്ക് കരുനാഗപ്പള്ളിയിൽ നിന്ന് തുടങ്ങി ക്ഷേത്രത്തിലേക്കും അവിടെ നിന്നും കായംകുളത്തിനുമാണ് സർവീസ്. ആകെ 14 ട്രിപ്പുകളാണ് ദിവസം ഓപ്പറേറ്റ് ചെയ്യുന്നത്.

മനോഹരമായ കടൽ തീരത്ത് കൂടിയുള്ള ഈ ബസിൽ യാത്ര ചെയ്യാൻ ഭക്തിജനങ്ങൾ അടക്കം നിരവധി യാത്രക്കാരാണ് എത്തുന്നത്

Time 

2020, മാർച്ച് 14, ശനിയാഴ്‌ച

കോവിഡ് 19 : ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും ചടങ്ങുകളും മാറ്റി


കൊറോണ വൈറസ് പടരുന്നതിനെ പ്രതിരോധിക്കുന്നതിനു വേണ്ട മാർഗ്ഗ നിർദേശങ്ങൾ സർക്കാറിൽ നിന്നും ലഭിച്ചിട്ടുള്ളതിനെ ഭാഗമായി ആലപ്പാടിലെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവ ആഘോഷങ്ങൾ മാറ്റി മാതൃകയായി കരയോഗങ്ങൾ.

പറയകടവ് ശ്രീ പൊന്നാഭഗവതി മഹാക്ഷേത്രത്തിലെയും അഴീക്കൽ ശ്രീ പൂക്കോട്ട് ദേവീക്ഷേത്രത്തിലെയും ഉത്സവങ്ങളുടെ ഭാഗമായി നടത്താനിരുന്ന ആഘോഷങ്ങൾ ഒഴിവാക്കിയത്.

വളരെ ലളിതമായി രീതിയിൽ ക്ഷേത്രചടങ്ങുകൾ മാത്രം ഉൾപ്പെടുത്തി നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

2020, ഫെബ്രുവരി 20, വ്യാഴാഴ്‌ച

അഴീക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുംഭഷഷ്ഠി ഉത്സവവും പുനപ്രതിഷ്ഠാ വാർഷികവും


അഴീക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭഷഷ്ഠി ഉത്സവവും പുനപ്രതിഷ്ഠാ വാർഷികവും നാളെ ആരംഭിച്ച് മാർച്ച് ഒന്നിന് സമാപിക്കും.

നാളെ എട്ടിന് കൊടിക്കയർ ഘോഷയാത്ര, അഖണ്ഡനാമജപയജ്ഞം, ഒൻപതിന് സമൂഹമൃത്യുഞ്ജയഹോമം, ഏഴ് അമ്പത്തിയഞ്ചിന് ക്ഷേത്ര തന്ത്രി താഴമൺ മഠം കണ്ഠര് മോഹനരുടെ നേതൃത്വത്തിൽ കൊടിയേറ്റ്, എട്ടിന് ആകാശവിസ്മയം, എട്ട് മുപ്പത്തിന് പാൽപ്പായസസദ്യ, തുടർന്ന് ഡാൻസ്, തിരുവാതിര.

എല്ലാ ദിവസവും നാരായണീയം, കഞ്ഞിസദ്യ, ആത്മീയപ്രഭാഷണം, ഭഗവത്ഗീതാ പ്രഭാഷണം എന്നിവ നടക്കും.

ഫെബ്രുവരി 22ന് ഒമ്പതിന് നാടൻപാട്ടും സിനിമാറ്റിക് ഡാൻസും.

ഫെബ്രുവരി 23 ന് ഒൻപതിന് ശക്തിവേലായുധപൂജ ഏഴിന് ഭക്തിഗാനാമൃതം, ഒൻപതിന് ഗാനമേള.

ഫെബ്രുവരി 24ന് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം ആർ.രാമചന്ദ്രൻ എം എൽഎ ഉദ്ഘാടനം ചെയ്യും. ഒൻപതിന് ഗാനമേള, പത്തിന് നൃത്തസന്ധ്യ.

ഫെബ്രുവരി 25 ന് ഏഴിന് വലിയ പടുക്കയും ഊട്ടുപൂജയും ഒൻപതിന് തിരുവാതിര.

ഫെബ്രുവരി 26 ന് നാലിന് ദേശതാലപ്പൊലി, ഒൻപതിന് മ്യൂസിക് ഇവൻ്റ്, പത്തിന് ഗാനമേള.

ഫെബ്രുവരി 27ന് ഒൻപതിന് നൂറുംപാലും, സർപ്പബലി, ഒൻപതിന് ഗാനമേള.

ഫെബ്രുവരി 28 ന് ഒൻപതിന് നൃത്തസന്ധ്യ.

ഫെബ്രുവരി 29 ന് രാവിലെ ഒൻപതിന് പ്രസിദ്ധമായ ആണ്ടിയാർ പൂജ, പതിനൊന്നിന്ന് പള്ളിവേട്ട.

മാർച്ച് 1 ന് ഏഴിന് ആനയൂട്ട്, എട്ട് മുപ്പതിന് കാവടി ഘോഷയാത്ര, പതിനൊന്നിന് അഭിഷേകം പന്ത്രണ്ടിന് ഷഷ്ഠിപൂജ, ഏഴിന് ഭജൻസ്, ഒൻപതിന് ആറാട്ട്, പതിനൊന്ന് മുപ്പതിന് ആകാശവിസ്മയം.

ആലപ്പാട്ട് അരയന്മാര്‍ ചെങ്ങന്നൂര്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പരിശം വെയ്പ്പ് നാളെ


ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ആലപ്പാട്ട് അരയന്മാര്‍ നടത്തുന്ന പരിശം വെയ്പ്പ് നാളെ നടക്കും.

അരയപ്രമാണിമാര്‍ ഭഗവാന്‍ ശ്രീപരമേശ്വരന് പണം സമര്‍പ്പിക്കുന്ന ആചാരപരമായ ചടങ്ങാണ് പരിശം വെയ്പ്പ്.1815-ാമത് പരിശം വെയ്പ്പാണ് ഇത്തവണ നടക്കുന്നത്.

മകരമത്സ്യമായി കടലില്‍ കിടന്ന ശ്രീമുരുകനെ അടമ്പുവള്ളിയാല്‍ വൃദ്ധവേഷത്തിലെത്തിയ ശ്രീപരമേശ്വരന്‍ കരകയറ്റി. ആലപ്പാട്ട് ദേശം വാണിരുന്ന മൂത്തരശ്ശ രാജാക്കന്മാരില്‍ ത്രയംബകന്‍ അദ്ദേഹത്തിന്റെ മകളായി ജന്മമെടുത്ത പാര്‍വ്വതീദേവിയെ വൃദ്ധന് കന്യാദാനം നടത്തി. ഒപ്പം ചെല്ലുന്ന ഊരില്‍ (ചെങ്ങന്നൂര്‍) എത്തി പരിശം നല്‍കുകയും ചെയ്തു എന്നാണ് ഐതീഹ്യം.

ഇത് മുന്‍നിര്‍ത്തിയാണ് ആലപ്പാട്ട് ദേശക്കാരായ അരയ ജനങ്ങള്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിക്കാന്‍ എത്തുന്നതും പരിശപ്പണം നല്‍കുന്നതും. പരിശം വെയ്പ്പിന് ആലപ്പാട്ടു നിന്നുള്ള അരയജനങ്ങള്‍ ഘോഷയാത്രയായാണ് എത്തുക.

നാളെ രാവിലെ 6.30 ന് അഴീക്കല്‍ കണ്ണാടിശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര പുറപ്പെടും 25ഓളം ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം ആറിന് ഘോഷയാത്ര ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തും.

ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം അധികൃതരും ചേര്‍ന്ന് ഘോഷയാത്രയെ ഇവിടെ സ്വീകരിക്കും. കുഴിത്തുറ ഗ്രാമസേവാസംഘവും പറയകടവ് ശ്രീ സുഗുണാനന്ദവിലാസം കരയോഗവും ചേര്‍ന്നാണ് ഇത്തവണത്തെ പരിശം വെയ്പ്പ് ചടങ്ങുകള്‍ നടത്തുന്നത്.

വൈകുന്നേരം ഏഴിന് ശ്രീ സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. രാത്രി ഒൻപത് മുപ്പത് മുതൽ സംഗീതവിദ്വൽ സദസ്സ്.

പുലർച്ചെ ഒന്നിന് ദേവിദേവന്മാരെ എഴുന്നെള്ളിക്കും. ക്ഷേത്രത്തിന് ഏഴ് പ്രദക്ഷിണം നടത്തിയശേഷം ദേവീദേവന്മാര്‍ കിഴക്കേ നടയിലെ മണ്ഡപത്തിലെത്തി തെക്കോട്ടു തിരിഞ്ഞ് ആലപ്പാട്ട് അരയന്മാര്‍ക്ക് ദര്‍ശനം നല്‍കും. തുടര്‍ന്ന് രണ്ട് മണിക്കാണ് പരിശം വെയ്പ്പ്.

2020, ഫെബ്രുവരി 18, ചൊവ്വാഴ്ച

സാമുവലിന് ആലപ്പാടിൻ്റെ സ്വന്തം ചിത്രകാരനായ ലെനിൻ ബാലയുടെ സമ്മാനം


കടലമ്മ കൈ കുമ്പിളിൽ എടുത്ത് ജീവിതം തിരികെ നൽകിയ സാമുവലിന് ചിത്രകാരൻ ലെനിൻ ബാലയുടെ സമ്മാനം. ആലപ്പാടിൻ്റെ സ്വന്തം ചിത്രകാരനായ ലെനിൻ ബാലയാണ് സാമുവലിൻ്റെ ഛായാചിത്രം വരച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.


ഒപ്പം അദ്ദേഹം നിലവിൽ മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും സംഘർഷവും തൻ്റെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
ലെനിൻ ബാലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ 15-നാണ് മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും ആഴക്കടലിൽ വീണ സാമുവൽ 18 മണിക്കൂർ കടലിൽ ഒറ്റയ്ക്ക് കിടന്ന ശേഷം രക്ഷപ്പെട്ടത്.

2020, ഫെബ്രുവരി 16, ഞായറാഴ്‌ച

അവിശ്വസനീയം..! 18 മണിക്കൂർ ആഴക്കടലിൽ ഒറ്റയ്ക്ക് നീന്തി കിടന്നു.


മത്സ്യബന്ധന ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ നാട്ടുകാരൻ സാമുവൽ തിരികെയെത്തി. കഴിഞ്ഞ ദിവസം രാവിലെ മൂന്ന് മണിക്കാണ് സാമുവൽ മത്സ്യബന്ധധനത്തിനിടെ കടലിൽ കാണാതായത്.

ആത്മവിശ്വാസവും കൈകരുത്തും തുണയായപ്പോൾ തുടർച്ചയായി 18 മണിക്കൂറാണ് കടലിൽ നീന്തി കിടന്നത്.

ഇന്നലെ രാത്രി മറ്റൊരു ബോട്ടുകാരാണ് സാമുവലിനെ കണ്ടെത്തി രക്ഷിച്ചു കരയിൽ എത്തിച്ചത്.

രക്ഷപ്പെട്ട സാമുവൽ സംസാരിക്കുന്നു

ഒരു മത്സ്യതൊഴിലാളിയെ കടലിൽ കാണാതായാൽ അടിയന്തിരമായി കടലിൽ  നിരീക്ഷണ പറക്കലിനുള്ള സംവിധാനമാണ് വേണ്ടത്. നേരത്തോട് നേരത്തിനായി കാത്തിരിക്കാതെ ഇനിയെങ്കിലും  ഫിഷറീസ്, കോസ്റ്റ് ഗാർഡ് , നേവി , എന്നീ ഡിപ്പാർട്ട്മെൻറുകൾ മത്സ്യതൊഴിലാളികളുടെ  ജീവന്  വില നൽകി കാണാതായ ആദ്യ മണിക്കൂറിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്ന് അപേക്ഷയുണ്ട്.

ഒരു ജീവന് ഒരു കുടുംബത്തിൻ്റെയൊന്നാകെ വിലയുണ്ട്. എന്തായാലും സാമുവലിൻ്റെ തിരിച്ചു വരവിൽ നാടാകെ സന്തോഷിക്കുന്നു...നന്ദി ദൈവമേ !

എഴുത്ത് : സിബി ബോണി

Trending

പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ദേവീക്ഷേത്ര സമർപ്പണം നടത്തി

പുനപ്രതിഷ്ഠാ കർമ്മം നടന്ന പണ്ടാരത്തുരുത്ത് ശ്രീ മുക്കുംപുഴ ദേവീക്ഷേത്രത്തിന്റെ സമർപ്പണം ഭദ്രദീപം തെളിയിച്ചുകൊണ്ട് നിരഞ്ജർ പീഠാധീശ്വർ സ്വാമി ...